ധർമസ്ഥലയിൽ നൂറിലേറെ അസ്ഥികൾ കണ്ടെത്തി
Tuesday, August 5, 2025 6:28 PM IST
മംഗളുരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചിട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയത് നൂറിലേറെ അസ്ഥികൾ. ആറാം നന്പർ സൈറ്റിൽനിന്നും 11-ാം നന്പർ സൈറ്റിൽനിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
മൃതദേഹങ്ങൾ കുഴിച്ചിട്ട 15 സൈറ്റുകളിൽ 12ലും 13ലും മാത്രമാണ് ഇനി പരിശോധന നടത്താനുള്ളത്. ആവശ്യമെങ്കിൽ തെരച്ചിൽ മേഖലകൾ വ്യാപിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പരാതിക്കാരിൽ ഒരാളുടെ അഭിഭാഷകൻ ഇന്നലെ സൈറ്റ് 11-എയിൽ നിന്ന് കുറഞ്ഞത് മൂന്ന് മനുഷ്യാവശിഷ്ടങ്ങളെങ്കിലും കണ്ടെത്തിയതായി അവകാശപ്പെട്ടു. കുത്തനെയുള്ള ഒരു കുന്നിൻ മുകളിൽ നടത്തിയ തെരച്ചിലിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതായും അതിൽ ഒന്ന് സ്ത്രീയുടേതാണെന്നും അവർ പറഞ്ഞു. അതേ സ്ഥലത്തുനിന്ന് ഒരു സാരിയും കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. എന്നാൽ അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
1998നും 2014നും ഇടയിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ മറവുചെയ്യാൻ തന്നെ നിർബന്ധിച്ചുവെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് മേഖലയിൽ തെരച്ചിൽ തുടങ്ങിയത്.