മുതലപ്പൊഴിയില്‍ തിരയില്‍പ്പെട്ട് മത്സ്യബന്ധനവള്ളം മറിഞ്ഞു
Thursday, August 7, 2025 1:52 PM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. നിസാര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫന്റ് ജീസസ് എന്ന വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. മുതലപ്പൊഴിയില്‍ ഈ അടുത്തകാലത്തായി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച കഠിനംകുളത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ അലക്സ് മാനുവലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.