യുക്രെയ്ൻ യുദ്ധം; പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും
Saturday, August 9, 2025 6:30 AM IST
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തും.
15-ാം തീയതി അലാസ്കയിൽവച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച.
കരാറിൽ പ്രവിശ്യകൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു. ചർച്ചയ്ക്കു മുന്നോടിയായി ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിൻ കൂടിയാലോചനകൾ നടത്തിയിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്നിലെ ചില പ്രവിശ്യകൾ റഷ്യക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ചർച്ചയുടെ തീയതിയോ സ്ഥലമോ റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
താനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഏവരും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അടുത്ത വെള്ളിയാഴ്ച അലാസ്കയിൽ ചർച്ച നടക്കുംമെന്നും ട്രംപ് വ്യക്തമാക്കി.