അമേരിക്കൻ തീരുവ: കുരുമുളക്, കാപ്പി, ഏലം, റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടി
Saturday, August 9, 2025 7:10 AM IST
മുംബൈ: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ നടപടി വിപണിയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. തീരുവ പ്രാബല്യത്തില്‍വന്നതോടെ ഇന്ത്യയില്‍നിന്ന് ചരക്കുകള്‍ എടുക്കുന്നത് യുഎസ് റീട്ടെയില്‍ കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചു.
ഏലം, റബര്‍ എന്നിവയുടെ കയറ്റുമതി ഓര്‍ഡറുകള്‍ പലതും റദ്ദാക്കുകയോ താത്കാലികമായി നിര്‍ത്തിവക്കുകയോ ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തെ കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില തുടങ്ങിയ ഉത്പന്നങ്ങൾക്ക് അമേരിക്കയില്‍ വില ഉയരുന്നതോടെ ആവശ്യക്കാര്‍ കുറയും. കേരളത്തില്‍ തേയില ലേലത്തില്‍ കിലോയ്ക്ക് 38 രൂപയുടെവരെ ഇടിവുണ്ടായി. ജൂലൈയില്‍ 183 രൂപയായിരുന്നു ശരാശരി വില. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ഇത് 145 രൂപയായി.
സുഗന്ധവ്യഞ്ജന മേഖലയില്‍ നിലവില്‍ ഉയര്‍ന്ന തീരുവ ഭീഷണിയില്ലാത്ത ഇന്തോനേഷ്യ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ വെല്ലുവിളിയായിരുന്നു. ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, ഗ്യാപ് തുടങ്ങിയ കമ്പനികൾ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇന്ത്യയില്‍നിന്നു വാങ്ങുന്നത് നിര്‍ത്തിവച്ചു.