അമ്മ തെരഞ്ഞെടുപ്പ്; അംഗങ്ങൾക്ക് പരസ്യ പ്രതികരണത്തിന് വിലക്ക്
Saturday, August 9, 2025 10:53 AM IST
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അംഗങ്ങൾക്ക് പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്.
ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 15 വരെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്ന കർശന നിർദേശമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്.
വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍ അറിയിച്ചു. ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും മാത്രമായി.
നാസര്‍ ലത്തീഫ്, ജയന് ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്.