മഹാരാഷ്ട്രയിൽ ക്ഷേത്രത്തിലേക്ക് പോയവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; എട്ടുപേർ മരിച്ചു
Tuesday, August 12, 2025 3:41 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന പാപൽവാടി ഗ്രാമവാസികൾ സഞ്ചരിച്ച വാഹനം 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഖേദ് തെഹ്സിലിലെ ശ്രീ ക്ഷേത്ര മഹാദേവ് കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോയ 40ഓളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.