ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുവ റഷ്യയ്ക്ക് തിരിച്ചടിയാകും
Tuesday, August 12, 2025 7:47 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ താരിഫുകൾ റഷ്യൻ സമ്പദ്വ്യവസ്ഥക്ക് വലിയ തിരിച്ചടിയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനുമായി അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
റഷ്യയുടെ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും വലുതോ അല്ലെങ്കിൽ രണ്ടാമത്തേതോ ആയ ഒരാളാണ് ഇന്ത്യയെന്നും റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഊർജ വാങ്ങലുകൾ ഒരു സമ്മർദ പോയിന്റാണെന്നും യുഎസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അമേരിക്കൻ വ്യാപാര തീരുവകളുടെയും ആഗോള സമ്മർദങ്ങളുടെയും സംയുക്ത ഫലം റഷ്യയുടെ സമ്പദ്വ്യവസ്ഥയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ച അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്താൻ താൻ പദ്ധതിയിടുന്നുണ്ടെന്നും പുടിനും യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.