വീട്ടിൽനിന്ന് നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടി
Tuesday, August 12, 2025 1:24 PM IST
ന്യൂഡൽഹി: വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു.
സുപ്രീം കോടതി ജഡ്ജി അരവിന്ദ് കുമാര്‍ അധ്യക്ഷനായ സമിതിയിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണാടകയിലെ നിയമ വിദഗ്ധൻ ബി.വി. ആചാര്യ എന്നിവരും അംഗങ്ങളാണ്.
മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സമ്മേളനം റിപ്പോർട്ട് പരിഗണിക്കും. തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇംപീച്ച്മെന്റ് നടപടികളുണ്ടാകുക. യശ്വന്ത് വർമയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എംപിമാർ നേരത്തെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്.
ആഭ്യന്തര അന്വേഷണത്തിനെതിരേ ജസ്റ്റീസ് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെന്റ് മുന്നോട്ടുപോകുന്നത്.