കേരള സർവകലാശാലയിൽ സർക്കുലർ പോര്; കോളജ് വികസന സമിതി ഡയറക്ടർ രാജിവച്ചു
Tuesday, August 12, 2025 6:51 PM IST
തിരുവനന്തപുരം: വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ സർക്കുലർ പോര് തുടരുന്നു. ഗവര്‍ണറുടെ സര്‍ക്കുലര്‍ പ്രകാരം ദിനാചരണം നടത്തണമെന്നാവശ്യപ്പെട്ട് കോളജ് വികസന സമിതി ഡയറക്ടർ ഡോ.വി.ബിജു കത്ത് നൽകിയിരുന്നു.
എന്നാൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ തിരുത്തിയകത്ത് അദ്ദേഹം കോളജുകൾക്ക് നൽകുകയായിരുന്നു. തുടർന്ന് ഡോ.വി.ബിജു കോളജ് വികസന സമിതി ഡയറക്ടർ സ്ഥാനം രാജിവച്ചു. പുതിയ സർക്കുലർ പ്രകാരം പരിപാടി നടത്തണമോ വേണ്ടയോയെന്ന് അതത് കോളജുകൾക്ക് തീരുമാനിക്കാം.
ഓഗസ്റ്റ്14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർക്കുലർ പുറത്തിറക്കിയിരുന്നു. തുടർന്ന് പരിപാടി നടത്തണമെന്ന് നിർദേശിച്ചുകൊണ്ട് കോളജുകൾക്ക് സർവകലാശാലയിൽ നിന്ന് സർക്കുലർ നൽകി.
ഗവർണറുടെ സർക്കുലറിൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ പുതിയ സർക്കുലർ പുറത്തിറക്കുകയായിരുന്നു. അതേസമയം പുതിയ സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്ന് വിസി ഡോ.മോഹനന് കുന്നുമ്മൽ പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയിലെ ഇടത് അധ്യാപക സംഘടനയടെ മുന്‍ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന് നേതാവുമാണ് ഡോ.വി.ബിജു.