അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം; ഡെപ്യൂട്ടി മേയർ സ്ഥാപിച്ച ഫലകം തകർത്തു
Tuesday, August 12, 2025 8:29 PM IST
തൃശൂർ: അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. ഡെപ്യൂട്ടി മേയർ എം.എല്‍.റോസി ഉദ്ഘാടനം ചെയ്ത റോഡ് ചൊവ്വാഴ്ച വൈകുന്നേരം മന്ത്രി ആര്.ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്തെന്ന് കാണിച്ച് സ്ഥാപിച്ച ശിലാഫലകം വാഹനം ഇടിച്ചു തകർക്കുകയും ചെയ്തു. കോർപ്പറേഷന്റെ വാഹനം ഇടിപ്പിച്ചാണ് ഡെപ്യൂട്ടി മേയർ സ്ഥാപിച്ച ഫലകം തകർത്തതെന്ന് ദൃക്സാക്ഷി പറഞ്ഞു.
തുടർന്ന് ഫലകം അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാന്‍ എത്തിയ കോര്പ്പറേഷന് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
തുടർന്ന് മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം റോഡിന് മറുവശത്തായി കോര്പറേഷന് സജ്ജീകരിക്കുകയായിരുന്നു. മേയറുടെയും ഭരണസമിതിയുടെയും താത്പര്യത്തിന് വിരുദ്ധമായി ഡെപ്യൂട്ടി മേയർ റോഡ് ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു.