ട്രെയിനിലെ എസി ബോഗിയിൽ തണുപ്പുകുറവെന്ന് പരാതി; പരിശോധനയിൽ കണ്ടെത്തിയത് മദ്യക്കുപ്പികൾ
Thursday, August 14, 2025 10:18 PM IST
ബിഹാര്‍: ട്രെയിനിലെ എസി ബോഗിയില്‍ തണുപ്പ് കുറവാണ് എന്ന യാത്രക്കാരുടെ പരാതി അന്വേഷിക്കാന്‍ എത്തിയ ജീവനക്കാര്‍ കണ്ടെത്തിയത് എസി ഡക്ടില്‍ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികള്‍.
ലക്നോ-ബറൗണി എക്സ്പ്രസിലെ എസി-2 ടയര്‍ കോച്ചിന്റെ എസി ഡക്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലുണ്ടായിരുന്ന നൂറുകണക്കിന് വിസ്കി കുപ്പികളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ശേഷം റെയില്‍വേ ടെക്നീഷ്യന്മാര് എത്തി തണുപ്പ് തീരെ കുറഞ്ഞ 32, 34 നമ്പര്‍ ബെര്‍ത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ചു.
പരിശോധനയിൽ വായുസഞ്ചാരം തടസപ്പെടുത്തുന്ന തരത്തില്‍, പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
അധികൃതര്‍ അനധികൃത മദ്യം പിടിച്ചെടുക്കുകയും കോച്ചില്‍ കൂടുതല്‍ നിരോധിത വസ്തുക്കള്‍ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു.
ഒരു യാത്രക്കാരന് പങ്കുവച്ച ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചിരിച്ചു. ഇതിനു പിന്നാലെ റെയില്‍വേ അധികൃതര്‍ വിഷയത്തില്‍ വിശദീകരണവുമായി എത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രെയിനിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റെയില്‍വേ എക്സില്‍ പങ്കുവച്ച പോസ്റ്റുകളില്‍ വ്യക്തമാക്കി.