ധർമസ്ഥല: ആരോപണങ്ങൾ വ്യാജമെങ്കിൽ നടപടിയെടുക്കാമെന്ന് ജി. പരമേശ്വര
Friday, August 15, 2025 2:30 AM IST
ബംഗളുരു: ധർമസ്ഥലയിലെ മരണങ്ങളെ സംബന്ധിച്ചുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയാൽ പരാതിക്കാരനെതിരേ കേസെടുക്കാമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയിൽ പറഞ്ഞു.
വിഷയത്തിൽ രാഷ്ട്രീയമോ മതമോ കടന്നുകൂടാൻ പാടില്ലെന്നും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെ ബിജെപി അംഗങ്ങൾ വിമർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ധർമസ്ഥലയെയും ക്ഷേത്രത്തെയും അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ പ്രചാരണം നടക്കുന്നുവെന്നാണ് ബിജെപി അംഗങ്ങൾ ആരോപിച്ചത്.
ഇടക്കാല റിപ്പോർട്ട് വേണമെന്നും പരാതിക്കാരന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.