ഇന്ത്യയുമായി പ്രവർത്തിക്കാൻ തയാറെന്ന് ചൈന
Friday, August 15, 2025 7:07 AM IST
ന്യൂഡൽഹി: ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഇരട്ടിയാക്കി ദിവസങ്ങൾക്ക് ശേഷം ഇന്ത്യയും ചൈയും ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായി പർവതനിരകളിലൂടെയുള്ള വ്യാപാരം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചൽ പ്രദേശിലെ ഷിപ്കി ലാ പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നിവയിലൂടെ അതിർത്തി വ്യാപാരം പുനരാരംഭിക്കാൻ ചൈനയുമായി തുടർന്നും സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും അടുത്ത ആഴ്ച ഉന്നതതല യോഗം ചേരും. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഇന്ത്യ സന്ദർശിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും. 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായാണ് ഈ കൂടിക്കാഴ്ച.
ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിനും ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പോലുള്ള ബഹുമുഖ വേദികളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബീജിംഗിന്റെ പ്രതിബദ്ധത ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.