രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല; ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കെന്ന് പ്രധാനമന്ത്രി
Friday, August 15, 2025 8:08 AM IST
ന്യൂഡൽഹി: കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓർമിപ്പിച്ച് ഭരണഘടന ശിൽപികൾക്ക് ആദരം അർപ്പിച്ച മോദി ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും അറിയിച്ചു.
140 കോടി ജനങ്ങൾ രാജ്യത്തിന്റെ ജയം ആഘോഷിക്കുകയാണ്. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. ആണവ ഭീഷണി വിലപ്പോകില്ല. സിന്ധുനദി ജലകരാറിൽ പുനരാലോചനയില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർകാണ്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ തീവ്രവാദികളെ സൈന്യം തകർത്തു. പഹൽഗാമിൽ മതം ചോദിച്ചാണ് ഭീകരർ നിഷ്കളങ്കരെ വകവരുത്തിയത്. സൈന്യത്തിനു സർക്കാർ പൂർണ സ്വാതന്ത്ര്യമാണ് നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാമിൽ ഭീകരവാദികൾ ഭാര്യമാരുടെ മുന്നിൽ വച്ച് ഭർത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നിൽ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ ചുട്ട മറുപടി നൽകി. ഭീകരവാദികളെ പിന്തുണച്ചവർക്കും ശിക്ഷ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.