ആണവായുധം കാട്ടി വിരട്ടേണ്ട; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ട്: പ്രധാനമന്ത്രി
Friday, August 15, 2025 9:06 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി.
ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ഹീറോകള്‍ക്ക് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട.
ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കർഷകർക്കാണ്. അത് ആർക്കും വിട്ടുകൊടുക്കില്ല. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു.
ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി. ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.