ദീപാവലി സമ്മാനം; ജിഎസ്ടി പരിഷ്കരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി
Friday, August 15, 2025 10:38 AM IST
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണമുണ്ടാകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്.
നിലവിലെ ജിഎസ്ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉത്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തി.
ഉടൻ പ്രാബല്യത്തിൽ വരും. ഇത് നികുതിഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നല്‍കേണ്ട നികുതി ഗണ്യമായി കുറയും. ഇത് ചെറുകിട വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര് യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും.
കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.