റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ത്തി ഇന്ത്യ
Friday, August 15, 2025 6:10 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് ഓഗസ്റ്റില്‍ കുത്തനെ ഉയര്‍ത്തി. പ്രതിദിനം ഏകദേശം 52 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് ഓഗസ്റ്റ് ആദ്യ പകുതിയില്‍ ഇന്ത്യ റഷ്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 38 ശതമാനത്തോളം റഷ്യയില്‍ നിന്നായിരുന്നുവെന്ന് ഗ്ലോബല്‍ റിയല്‍ ടൈം ഡാറ്റ അനലിറ്റിക്സ് പ്രൊവൈഡറായ കെപ്ലര്‍ പറയുന്നു.
ജൂലൈയില്‍ പ്രതിദിനം 16 ലക്ഷം ബാരലായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയിരുന്നത്. ഓഗസ്റ്റിൽ ഇത് 20 ബാരലായി ഉയർന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഈ വര്‍ധന ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് വാങ്ങുന്നത് കുറയാനും ഇടയാക്കി.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഇറക്കുമതിയിലെ ഈ വര്‍ധന. നയപരമായ മാറ്റങ്ങള്‍ക്ക് മുമ്പുതന്നെ ജൂണിലും ജൂലൈ ആദ്യത്തിലും ഓഗസ്റ്റിലെ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.
താരിഫുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിഫലനം സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയുള്ള ചരക്കുകളുടെ വരവോടെ മാത്രമേ ദൃശ്യമാകൂവെന്ന് കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമതി റിതോലിയ പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.