ജിഎസ്ടിയിൽ അഴിച്ചുപണി; അഞ്ച് ശതമാനം, 18 ശതമാനം ജിഎസ്ടി സ്ലാബുകൾക്ക് നിർദേശം, പുകയിലയ്ക്ക് 40 ശതമാനം വരെ നികുതി
Friday, August 15, 2025 10:41 PM IST
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ ഒരു വലിയ അഴിച്ചുപണിക്കൊരുങ്ങി സർക്കാർ, അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളാണ് ജിഎസ്ടി കൗൺസിലിന് സർക്കാർ നിർദേശിച്ചിരിക്കുന്നത്. പുകയില, പാൻ മസാല തുടങ്ങിയ ഉത്പന്നങ്ങൾക്ക് 40 ശതമാനം ജിഎസ്ടി ചുമത്തും.
നിലവിൽ ജിഎസ്ടിയിൽ അഞ്ച് പ്രധാന സ്ലാബുകളുണ്ട്. പൂജ്യം ശതമാനം, അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം സ്ലാബുകൾ സ്റ്റാൻഡേർഡ് നിരക്കുകളാണ്. അവ സാധനങ്ങളുടെയും സേവനങ്ങളുടെയും വലിയൊരു ഭാഗം ഉൾക്കൊള്ളുന്നു. 12 ശതമാനം സ്ലാബ് നീക്കം ചെയ്ത് ആ ഇനങ്ങൾ അഞ്ച് ശതമാനം, 18 ശതമാനം വിഭാഗങ്ങളിലേക്ക് പുനർവിതരണം ചെയ്യുക എന്നതാണ് നിർദിഷ്ട പരിഷ്കാരങ്ങളുടെ ലക്ഷ്യം.
തീരുമാനം അന്തിമമാക്കാൻ സെപ്റ്റംബറിൽ രണ്ട് ദിവസത്തെ യോഗം ചേരുന്ന ജിഎസ്ടി കൗൺസിലിന് നിർദേശം അയച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിക്ക് അവതരിപ്പിക്കുന്ന "അടുത്ത തലമുറ ജിഎസ്ടി പരിഷ്കരണ’ പദ്ധതികൾ പ്രഖ്യാപിച്ചത്.