തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Saturday, August 16, 2025 8:01 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വെമ്പായം മയിലാടുംമുകൾ സ്വദേശി ഷെജീഫ് (35) പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കഴക്കൂട്ടം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
കഴക്കൂട്ടം എക്സൈസ് സംഘം മംഗലപുരം, പോത്തൻകോട്, അയിരൂപ്പാറ എന്നിവിടങ്ങളിൽ ലഹരി വില്പന നടത്തുന്നവരെ നിരീക്ഷിച്ച് വരുന്നതിനിടെ പോത്തൻകോട് അയിരൂപ്പാറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ഈ പ്രദേശത്തെ നിരോധിത സിന്തറ്റിക് ലഹരിയുടെ ചില്ലറവില്പനക്കാരനാണ് ഷെജീഫ്. വിൽപ്പനയ്ക്കായി ഒളിപ്പിച്ച എംഡിഎംഎ പരിശോധനയിൽ കണ്ടെത്തി. ആദ്യമാണ് ഇയാൾ എക്സൈസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.