ഐഎസ് പ്രവര്‍ത്തകന്റെ ജീവപര്യന്തം 10 വര്‍ഷമാക്കി കുറച്ച് ഹൈക്കോടതി
Saturday, August 16, 2025 12:09 PM IST
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവര്‍ത്തകനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്ക് (അബു ജാസ്മിന്) ശിക്ഷയില്‍ ഇളവുനല്‍കി ഹൈക്കോടതി.
ജീവപര്യന്തം തടവ് 10 വര്‍ഷമായി കുറച്ചാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവര്‍ ഉത്തരവിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ നല്കിയ അപ്പീലിലാണ് ഉത്തരവ്.
മാനസാന്തരത്തിനടക്കമുള്ള സാധ്യത കണക്കിലെടുത്താണ് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.
2020-ലാണ് ഹര്‍ജിക്കാരനെ എന്‍ഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.
ഗൗരവകരമായ കുറ്റകൃത്യമാണ് ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി പറഞ്ഞു. എന്നാല്‍, 35 വയസുള്ളപ്പോഴാണ് ഹര്ജിക്കാരന് കുറ്റകൃത്യം ചെയ്തതെന്നും തിരിച്ചെത്തിയ ശേഷം കുറ്റകൃത്യത്തിലൊന്നും പങ്കാളിയായിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു
2015-ലാണ് ഹര്ജിക്കാരന് തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നത്. പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റു. അതിനാല്‍ ഐഎസിനു വേണ്ടി യുദ്ധംചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് നിരന്തരം നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ഐഎസ് ഇറാഖിലെ തെരുവില്‍ ഉപേക്ഷിച്ചു.
2015 സെപ്റ്റംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്നാട്ടില്‍ സെയില്‍സ്മാനായി ജോലിചെയ്തു. 2016 ഒക്ടോബര്‍ അഞ്ചിന് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.