പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; പ്രതി പിടിയിൽ
Saturday, August 16, 2025 2:26 PM IST
കൊല്ലം: പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള് അറസ്റ്റില്‍. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്.
ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് തട്ടിപ്പിന് ഇരയായത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ നാല് ലക്ഷം രൂപയും മറ്റ് ആവശ്യങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്.
തട്ടിപ്പിനിരയായ കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ശത്രു ദോഷങ്ങള്‍ ഉള്ളതായും ഉടനടി അതിന് പരിഹാരമായി പൂജകള്‍ ചെയ്തില്ലെങ്കില്‍ ഗൃഹനാഥന് ദുര്‍മരണമുണ്ടാകുമെന്നും കുടുംബാംഗങ്ങള്‍ക്കു വന്‍ വിപത്തുകള്‍ ഉണ്ടാകുമെന്നും ഗൃഹനാഥന്റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്.
ഓണ്‍ലൈന്‍ ആയാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയ ശേഷം പൂജകളെക്കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബത്തെ ഹൈദരാബാദില്‍ നിന്നും പോരുവഴിയിലുള്ള തന്റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തുകയും അനുബന്ധ പൂജകള്‍ കൂടി ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
വൈകാതെ പ്രതി പരാതിക്കാരുടെ കുടുംബ ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി. തട്ടിപ്പിന് ഇരയായെന്നു മനസിലാക്കിയ മലയാളി കുടുംബം, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്ഐ രാജേഷ്, എസ്ഐ ഉമേഷ്, സിപിഒമാരായ അരുണ്‍ ബാബു, അരുണ്‍രാജ്, ബിജു എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.