നീലഗിരിയില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രികന് പരിക്ക്
Saturday, August 16, 2025 2:54 PM IST
ഗൂഡല്ലൂര്‍: നീലഗിരി ഓവേലിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബൈക്ക് യാത്രക്കാരനെ കാട്ടാന പിന്തുടര്ന്ന് ആക്രമിച്ചു.
എല്ലമല സ്വദേശി നൗഷാദി (42)നെയാണ് ആറാട്ടുപാറയിലേക്കുള്ള റോഡില്‍വച്ച് കാട്ടാന ആക്രമിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം.
സമീപത്തെ തേയിലത്തോട്ടത്തില്‍നിന്ന് റോഡിലിറങ്ങിയ കാട്ടാന, ബൈക്കിന് പിറകെ ഓടി നൗഷാദിനെ ആക്രമിക്കുകയായിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദുഷ്കരമായതിനാല് നൗഷാദ് ബൈക്ക് ഉപേക്ഷിച്ചു.
പിറകെ കാട്ടാനയെത്തിയെങ്കിലും പിടിയില്‍നിന്നും രക്ഷപ്പെട്ട നൗഷാദ് തൊട്ടടുത്തുണ്ടായിരുന്ന കൊല്ലിയിലേയ്ക്ക് എടുത്തു ചാടി രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയവര്‍ കാട്ടാനയെ തുരത്തുകയും നൗഷാദിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. നട്ടെല്ലിന് സാരമായ പരിക്കുപറ്റിയ നൗഷാദിനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലേയ്ക്കും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് സ്മാരക ആശുപത്രിയിലേയ്ക്കും മാറ്റി.