ദേശീയപാത: എം.കെ. രാഘവൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
Thursday, August 21, 2025 4:40 AM IST
ന്യൂഡൽഹി: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട്-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ, കോഴിക്കോട് ബൈപാസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി എം.കെ. രാഘവൻ എംപി കൂടിക്കാഴ്ച നടത്തി.
കോഴിക്കോട് ബൈപാസിലെ പാച്ചാക്കിൽ, കുനിമ്മൽ താഴം, പാറമ്മൽ എന്നിവിടങ്ങളിൽ അടിപ്പാത സ്ഥാപിക്കുക, സ്റ്റാർ കെയർ ഹോസ്പിറ്റൽ, ഗോശാലകൃഷ്ണ ക്ഷേത്രത്തിനു സമീപം, പന്തീരാങ്കാവിനു തെക്ക് അത്താണി എന്നിവിടങ്ങളിലും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുക, കൂടാത്തുംപാറയിൽ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കുക, സർവീസ് റോഡ് സംബന്ധമായ വിഷയങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ എംപി മുന്നോട്ടുവച്ചു.
കൂടാതെ, മുന്പ് ഉന്നയിച്ചതും പരിഗണിക്കപ്പെടാത്തതുമായ പനാത്ത് താഴം ഫ്ലൈ ഓവർ, സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ യാഥാർഥ്യമാക്കണമെന്നും ഇത് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ (സിആർഐപി) ഭാഗമായി നഗരത്തിലെ റോഡുകളുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും രാഘവൻ കൂട്ടിച്ചേർത്തു.