ഗാസ സിറ്റി പിടിക്കാനൊരുങ്ങി ഇസ്രയേൽ
Thursday, August 21, 2025 6:33 AM IST
ടെൽ അവീവ്: പുതിയ വെസ്റ്റ്ബാങ്ക് കുടിയേറ്റ പദ്ധതിക്ക് അംഗീകാരം നൽകിയ ഇസ്രയേൽ ഗാസ സിറ്റി പിടിക്കാൻ ഒരുക്കം തുടങ്ങിയതോടെ ഗാസ പ്രതിസന്ധി കൂടുതൽ സങ്കീർണമായി.
ഗാസ സിറ്റി പിടിച്ചടക്കാൻ പതിനായിരക്കണക്കിന് റിസർവ് സേനാംഗങ്ങളെ ഇസ്രയേൽ തിരിച്ചുവിളിച്ചു. സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടു.
സമാധാന ചർച്ചകൾ ഒരുഭാഗത്തു പുരോഗമിക്കുന്നതിനിടെ രാജ്യാന്തര സമൂഹത്തിന്റെ കടുത്ത സമ്മർദം അവഗണിച്ചാണ് ഇസ്രയേലിന്റെ നീക്കം. അറബ് രാജ്യങ്ങൾ മുൻകയ്യെടുത്തു നടത്തുന്ന ചർച്ചകളിലെ നിർദേശങ്ങൾ സമ്മതമാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇസ്രയേൽ നിലപാടു വ്യക്തമാക്കിയിട്ടില്ല.
യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം കനത്തു. വെസ്റ്റ് ബാങ്കിനെ രണ്ടായി മുറിക്കുന്ന ഇ-1 ഭവനസമുച്ചയപദ്ധതിക്കാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ ആസൂത്രണ കമ്മീഷൻ അംഗീകാരം നൽകിയത്.