പുതിയ ബില്ല് പ്രതിപക്ഷസർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കം: പ്രേമചന്ദ്രൻ
Thursday, August 21, 2025 7:01 AM IST
ന്യൂഡൽഹി: ബിജെപി ഇതര സംസ്ഥാനസർക്കാരുകളെ അട്ടിമറിക്കാനുളള നിഗൂഢമായ നീക്കത്തിന്റെ ഭാഗമാണു 130-ാം ഭരണഘടനാ ഭേദഗതിബില്ലെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി.
ബില്ലിന്റെ അവതരണാനുമതിയെ എതിർത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ഭേദഗതി ബില്ലിന്റെ പകർപ്പ് ഏറ്റവും കുറഞ്ഞത് രണ്ടു ദിവസം മുന്‍പെങ്കിലും അംഗങ്ങൾക്കു വിതരണം ചെയ്യണമെന്ന ചട്ടം ലംഘിച്ചുകൊണ്ടാണ് ബില്ല് അവതരിപ്പിച്ചത്.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലാണു ചട്ടങ്ങൾ ലംഘിച്ച് അവതരിപ്പിച്ചത്. അതിനാൽ ബില്ലിന്റെ അവതരണാനുമതി നിഷേധിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന ഭേദഗതിബിൽ സഭയിൽ അവതരിപ്പിക്കുവാനുള്ള അധികാരമോ അവകാശമോ ഇല്ലാതിരിക്കുന്പോൾ അത്തരത്തിലൊരു ബില്ല് സഭ പരിഗണിച്ച് ജെപിസിക്കു വിടുന്നതിനുള്ള അവകാശമില്ല എന്ന നിയമപ്രശ്നവും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.