ഡൽഹിയിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി; ഇളയെ മകനെ കാണാനില്ല
Thursday, August 21, 2025 9:01 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദമ്പതികളെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹിയിലെ മൈദൻഗരിയിലാണ് സംഭവം.
പ്രേംസിംഗ്, ഭാര്യ രജനി, മകൻ ഋത്വിക് എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവരുടെ ഇളയമകൻ സിദ്ധാർഥിനെ കുറിച്ച് യാതൊരു വിവരവുമില്ല. സിദ്ധാർഥ് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.
വീട്ടിൽ നടത്തിയ പരിശോധനയിൽ സിദ്ധാർഥിന്റെ മരുന്നുകളും ആരോഗ്യപ്രശ്നത്തിന്റെ മെഡിക്കൽ രേഖകളും കണ്ടെടുത്തു. കഴിഞ്ഞ 12 വർഷങ്ങളായി സിദ്ധാർഥ് ചികിത്സയിലാണ്.
മാതാപിതാക്കളെയും സഹോദരനെയും കത്തി ഉപയോഗിച്ച് കുത്തിയും ഇഷ്ടികയും കല്ലും ഉപയോഗിച്ച് ഇടിച്ചും സിദ്ധാർഥ് കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു.
പ്രേംസിംഗ് സ്ഥിര മദ്യപാനിയാണെന്നും വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ഗ്രാമത്തിലെ പ്രധാൻ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.