ജമ്മുകാഷ്മീരിൽ കോൺസ്റ്റബിളിനെ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവം; ആറ് പോലീസുകാർ അറസ്റ്റിൽ
Thursday, August 21, 2025 12:50 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ പോലീസ് കോൺസ്റ്റബിളിനെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ ആറ് പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീംകോടതി നിർദേശപ്രകാരമാണ് നടപടി.
അറസ്റ്റിലായവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഐജാസ് അഹമ്മദ് നായ്ക്കൂ, ഇൻസ്പെക്ടർ റിയാസ് അഹമ്മദ് എന്നിവരും ഉൾപ്പെടുന്നു. 2023 ഫെബ്രുവരിയിൽ പോലീസുകാരൻ ഖുർഷിദ് അഹമ്മദ് ചൗഹാനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം, ജമ്മുകാഷ്മീർ പോലീസിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചൗഹാനെതിരെയുള്ള പീഡനത്തെ "പോലീസ് അതിക്രമത്തിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണം' എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.