യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ; തെറ്റ് ചെയ്തതുകൊണ്ടല്ലെന്ന് വിശദീകരണം
Thursday, August 21, 2025 1:51 PM IST
തിരുവനന്തപുരം: വിവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഹൈക്കമാൻഡിൽ നിന്നും സമ്മർദം ഉയർന്നതിനെ തുടർന്നാണ് നടപടി.
തെറ്റുചെയ്തെന്ന ബോധ്യത്തോടെയല്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ല. യുവനടി തന്റെ അടുത്ത സുഹൃത്താണ്. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരായ എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. എത്രവലിയ നേതാവ് ആയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ നിലപാട്.