ഔദ്യോഗിക വാഹനമായി ജീപ്പ് ഉപയോഗിച്ചിരുന്ന "ഹൈറേഞ്ച് എംഎല്‍എ'
Thursday, August 21, 2025 6:43 PM IST
നിയമസഭാ സമ്മേളനത്തിന് തന്റെ മഹീന്ദ്ര ജീപ്പിലെത്തിയിരുന്ന നേതാവായിരുന്നു വിടവാങ്ങിയ പീരുമേട് എംഎൽഎ വാഴൂർ സോമൻ. ഹൈറേഞ്ചിന്റെ എംഎല്‍എ ആയിരുന്ന ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനവും ഈ ജീപ്പ് തന്നെയായിരുന്ന.
KL 06 D 0538 എന്ന നമ്പറിലുള്ള മഹീന്ദ്രയുടെ മേജര്‍ ജീപ്പിലായിരുന്നു എംഎല്‍എയുടെ ബോര്‍ഡും വെച്ചുള്ള അദ്ദേഹത്തിന്റെ യാത്രകള്‍. ജീപ്പ് ഇഷ്ടവാഹനമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, ദീര്‍ഘദൂര യാത്രകള്‍ക്ക് ചേരുന്ന ഒരു വാഹനമായി ജീപ്പിനെ കാണാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജീപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പീരുമേട് എംഎല്‍എ ആയിരുന്ന സി.എ.കുര്യന്റെ സഹായത്തോടെ 1978-ലാണ് അദ്ദേഹം ആദ്യമായി ഒരു ജീപ്പ് സ്വന്തമാക്കിയത്. പെട്രോള്‍ എന്ജിന് ജീപ്പായിരുന്നു ഇത്. 1991 വരെ ഈ ജീപ്പായിരുന്നു അദ്ദേഹത്തിന്റെ വാഹനം. പിന്നീട് 2006-ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ആയി സ്ഥാനമേറ്റതിതെ തുടര്‍ന്നാണ് മഹീന്ദ്ര മേജര്‍ അദ്ദേഹം സ്വന്തമാക്കിയത്.
1978-ല്‍ ആദ്യ ജീപ്പ് സ്വന്തമാക്കുമ്പോള്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ വെറും 20 രൂപയാണ് ചെലവായിരുന്നതെന്നും എന്നാല്‍, അത് വര്‍ധിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയുന്നതിലും ഉയരത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ഈ ജീപ്പ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നുമാണ് വാഴൂര്‍ സോമന് അഭിപ്രായപ്പെട്ടിരുന്നത്.