ടിവികെ ആർക്കും തടയാനാകാത്ത ശക്തി; 2026ൽ മത്സരം ഡിഎംകയും ടിവികെയും തമ്മിൽ: വിജയ്
Thursday, August 21, 2025 8:29 PM IST
ചെന്നൈ: തമിഴക വെട്രി കഴകം ആർക്കും തടയാനാകാത്ത ശക്തിയാണെന്നും 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകയും തമ്മിലായിരിക്കുമെന്നും ടിവികെ അധ്യക്ഷൻ വിജയ്. 234 സീറ്റിലും താനായിരിക്കും സ്ഥാനാർഥിയെന്നും വിജയ് പറഞ്ഞു.
മധുരയിൽ നടന്ന തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ബിജെപിയേയും ഡിഎംകെയേയും വിജയ് കടന്നാക്രമിച്ചു. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിജയ് വിമർശിച്ചു.
മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്എസ് അടിമകളായി മാറിയിരിക്കുകയാണ്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തിൽ പറഞ്ഞു.
മധുരയിലാണ് ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്. താൻ രാഷ്ട്രീയത്തിൽ വരില്ലെന്നായിരുന്നു ആദ്യ പ്രചാരണമെന്നും പിന്നീട് സമ്മേളനം നടത്തില്ലെന്ന് പറഞ്ഞുവെന്നും വിജയ് പറഞ്ഞു. ഓരോ തവണയും പുതിയ തിരക്കഥകൾ രാഷ്ട്രീയ എതിരാളികൾ മെനഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽ എഐഎഡിഎംകെയ്ക്കെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പരിപാടിയിൽ കനത്ത ചൂടിലും ജനലക്ഷങ്ങളാണ് പങ്കെടുത്തത്. വിജയ് യുടെ അച്ഛനമ്മമാരും പങ്കെടുത്തിരുന്നു.