തീരുവ യുദ്ധം; ഇന്ത്യ-യുഎസ് ബന്ധത്തിലെ ഉലച്ചിലിൽ ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി
Friday, August 22, 2025 3:03 AM IST
വാഷിംഗ്ടണ്‍ ഡിസി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള തീരുവ യുദ്ധം ഫലം കാണില്ലെന്നും ഇന്ത്യ-യുഎസ് ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നൽകി.
ആഗോളശക്തിയാകാന്‍ തയാറെടുക്കുന്ന ചൈനയെ നിയന്ത്രിക്കാന്‍ ഇന്ത്യയുമായി ബന്ധം പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് ഹേലി നിര്‍ദേശിച്ചു. ചൈനയെ പോലെ ഇന്ത്യയെ ഒരു ശത്രുവായി കരുതരുതെന്നും നിക്കി ഹേലി കൂട്ടിച്ചര്‍ത്തു. യുഎസിന്റെ നിര്‍ണായക വിതരണ ശൃംഖലകള്‍നിന്ന് ചൈനയെ അകറ്റാന്‍ ഇന്ത്യ അനിവാര്യമാണെന്ന് ഹേലി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ- പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ യുഎസിന്റെ പങ്ക് അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.