വാഴൂർ സോമന്റെ അവസാന പ്രസംഗത്തിലും ഇടുക്കിയിലെ ജീവിത ദുരിതത്തിന്റെ കഥകൾ
Friday, August 22, 2025 5:19 AM IST
തിരുവനന്തപുരം: പീരുമേട് എംഎൽഎയായ വാഴൂർ സോമന്റെ അവസാന പ്രസംഗവും ഇടുക്കിയെന്ന "ഹൈ റേഞ്ചിലെ' ജനങ്ങളുടെ ജീവിത ദുരിതത്തിന്റെ കഥകളായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു തിരുവനന്തപുരം പിടിപി നഗറിലെ ഐഎൽഡിഎമ്മിൽ നടന്ന റവന്യു ജില്ലാ അസംബ്ലിയിൽ പ്രസംഗിച്ചു മടങ്ങുന്നതിനിടെയായിരുന്നു മുതിർന്ന സിപിഐ നേതാവു കൂടിയായ അദ്ദേഹത്തിന്റെ അന്ത്യം.
ജില്ലകളിലെ റവന്യു പ്രശ്നങ്ങൾ പരിഹരിക്കാൻ വർഷത്തിൽ ഒരിക്കൽ റവന്യു മന്ത്രി വിളിച്ചു ചേർക്കുന്ന റവന്യു അസംബ്ലിയിൽ വ്യാഴാഴ്ച പരിഗണിച്ചിരുന്നത് ഇടുക്കി, വയനാട് ജില്ലകളായിരുന്നു. ആദ്യം ഇടുക്കി എടുത്തപ്പോൾ, റവന്യു മന്ത്രിക്കു പിന്നാലെയുള്ള ആദ്യ പ്രാസംഗികനായി വാഴൂർ സോമൻ.
കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുകയും അടുത്ത ആഴ്ചയിലേക്കു മാറ്റുകയും ചെയ്ത ഭൂ പതിവു ചട്ടഭേദഗതിയിൽ ഇടുക്കിയിലെ ജനങ്ങൾക്കു വരുന്ന മാറ്റങ്ങളായിരുന്നു യോഗത്തിൽ പ്രധാനമായി പ്രസംഗിച്ചത്.
താമസിക്കാനുള്ള വീടിനും ചെറിയ കച്ചവടം അടക്കമുള്ള ഉപജീവന മാർഗത്തിനും പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ ഇടുക്കിയിലെ മലയോര ജനത അനുഭവിച്ചു വന്ന ദുരിതത്തിന് ഇനിയെങ്കിലും അറുതി വരുത്തണമെന്നായിരുന്നു വാഴൂർ സോമന്റെ ആവശ്യം. ഈ മാസം തന്നെ ഭൂ പതിവു ചട്ടഭേദഗതി പ്രാബല്യത്തിൽ വരുമെന്നു മന്ത്രി കെ. രാജൻ യോഗത്തിൽ പറയുകയും ചെയ്തു.
ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്ത റവന്യു മന്ത്രിയെ യോഗത്തിൽ എംഎൽഎ അഭിനന്ദിച്ചു. തുടർന്ന് വന്യമൃഗ ശല്യമായിരുന്നു പ്രസംഗത്തിലെ മറ്റൊരു വിഷയം. പീരുമേട് മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ അടക്കം കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും ജനങ്ങളുടെ ജീവനും സ്വത്തിനും സൃഷ്ടിക്കുന്ന പ്രശ്നങ്ങളായിരുന്നു പ്രസംഗത്തിൽ നിഴലിച്ചത്.
തോട്ടം മേഖലയിലെ തൊഴിലാളികൾ വൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം തൊഴിലാളികളുടെ ലയങ്ങളുടെ ശോചനീയാവസ്ഥ അടക്കം അക്കമിട്ടു നിരത്തി. തോട്ടഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രസംഗത്തിലെത്തി.
ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പട്ടയ വിതരണം മുടങ്ങിയിരിക്കുകയാണെന്നും സ്റ്റേ നീക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്ന അഭ്യർഥനയും അദ്ദേഹം നടത്തി. സത്രം എയർ സ്ട്രിപ്പുമായി ബന്ധപ്പെട്ടു വനം വകുപ്പുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയുടെ യോഗത്തിനു ശേഷം വയനാട്ടിലേക്കു കടന്നതോടെയാണ് വാഴൂർ സോമനും മറ്റ് എംഎൽഎമാരായ എം.എം. മണിയും എ. രാജയും യോഗ സ്ഥലം വിട്ടത്. വൈകുന്നേരം 3.50നോടെ പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു വാഴൂർ സോമൻ കുഴഞ്ഞു വീണതും ഒന്നര മണിക്കൂറിനകം ആശുപത്രിയിൽ അന്തരിച്ചതും. ഇടുക്കിയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.