യുഎസിന് ഭീഷണിയുടെ സ്വരം; ഇന്ത്യയ്ക്കൊപ്പമെന്ന് ചൈന
Friday, August 22, 2025 5:59 AM IST
ന്യൂഡൽഹി: യുഎസ് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോംഗ്. സ്വതന്ത്ര വ്യാപാരത്തിൽനിന്ന് എന്നും നേട്ടമുണ്ടാക്കിയിരുന്ന യുഎസ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽനിന്ന് അമിത വില ആവശ്യപ്പെടാൻ താരിഫുകൾ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യക്ക് മേൽ യുഎസ് 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയതിനെയും കൂടുതൽ താരിഫുകൾക്ക് ഭീഷണിപ്പെടുത്തിയതിനെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ (സിആർഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ചൈന-ഇന്ത്യ സൗഹൃദം ഏഷ്യക്ക് ഗുണകരമാണെന്നും ഇരു രാജ്യങ്ങളും ഏഷ്യയുടെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എൻജിനുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ആഗോള സ്ഥിരത നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ഇരു രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വർധിപ്പിക്കുകയും പരസ്പര സംശയം ഒഴിവാക്കുകയും വേണം. ഇന്ത്യക്ക് ഐടി, സോഫ്റ്റ്വെയർ, ബയോമെഡിസിൻ എന്നീ മേഖലകളിൽ മികച്ച സാധ്യതകളുണ്ടെന്നും ഇലക്ട്രോണിക്സ് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ ചൈനയ്ക്ക് വേഗത്തിൽ വികസനം സാധ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.