കൊളംബിയയിൽ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു: 36 പേർക്ക് പരിക്ക്
Friday, August 22, 2025 7:40 AM IST
ബോഗാട്ട: കൊളംബിയൻ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റതായാണ് വിവരം. കൊളംബിയൻ നഗരമായ കാലിയിൽ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്.
നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡൽ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്ഫോടനം നടന്നതെന്നാണ് സൂചന. 2026ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാരിക്കെയുണ്ടായ സ്ഫോടനം രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയാണെന്നാണ് വിലയിരുത്തൽ.
പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി കെട്ടിടങ്ങളും സ്കൂളും ഒഴിപ്പിച്ചു. കൂടുതൽ സ്ഫോടനങ്ങൾ ഭയന്ന് വലിയ ട്രക്കുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. സ്ഫോടനത്തെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 10,000 യുഎസ് ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു.
നടന്നത് ഭീകരാക്രമണമാണെന്നും ഭീകരത നമ്മളെ പരാജയപ്പെടുത്തില്ലെന്നും റീജണൽ ഗവർണർ ഡിലിയൻ ഫ്രാൻസിസ്ക പ്രതികരിച്ചു. ജൂണിൽ കാലിയിലും പരിസര പ്രദേശങ്ങളിലും നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ ഗറില്ലകൾ ഏറ്റെടുത്തിരുന്നു. അന്നത്തെ സ്ഫോടനത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്.