നിർബന്ധിത ഗർഭഛിദ്ര പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ തിടുക്കത്തിൽ കേസ് എടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം
Friday, August 22, 2025 9:23 AM IST
തിരുവനന്തപുരം: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം.
രാഹുലിനെതിരേ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി. അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്നാണ് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചത്.
കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നാണ് പോലീസ് വിലയിരുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതി നൽകിയത്. അതേസമയം, വിഷയത്തില്‍ രാഹുലിനെതിരേ യുവതി പരാതി നല്‍കിയിട്ടില്ല.