സ്ത്രീകളെ അപമാനിച്ച പരാമര്‍ശം; ക്ഷമ ചോദിച്ച് വി.കെ. ശ്രീകണ്ഠന് എംപി
Friday, August 22, 2025 11:22 AM IST
പാലക്കാട്: അല്പ വസ്ത്ര പരാമര്‍ശത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച ഈ പരാമര്‍ശം പിൻവലിക്കുന്നതായും ശ്രീകണ്ഠൻ പറഞ്ഞു.
പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ചുവെന്നും എംപി പറഞ്ഞു. പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറഞ്ഞത് തെറ്റായി തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്നും സ്ത്രീയെ അപമാനിക്കാൻ ഉദേശിച്ചില്ലെന്നും വി.കെ. ശ്രീകണ്ഠന് വിശദീകരിച്ചു. വ്യാപക വിമർശനത്തെ തുടർന്നാണ് ശ്രീകണ്ഠൻ പ്രസ്താവന പിൻവലിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വി.കെ ശ്രീകണ്ഠന് ആദ്യം സ്വീകരിച്ചത്. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നുമായിരുന്നു ശ്രീകണ്ഠന്റെ ആദ്യ പ്രതികരണം. രാഹുലിനെതിരെ ആരോപണങ്ങൾ പറയുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും അവർ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെടുന്നില്ലെന്നുമായിരുന്നു എംപിയുടെ ചോദ്യം.
പരാതി ഉന്നയിച്ച സ്ത്രീകളെയും വി.കെ. ശ്രീകണ്ഠൻ അപമാനിച്ചിരുന്നു. അർധവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ എന്നും വി കെ ശ്രീകണ്ഠൻ എംപി ചോദിച്ചിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിലിൽ സ്വയം രാജിവച്ചതാണെന്ന വാദത്തെ ശ്രീകണ്ഠൻ തള്ളി. പാർട്ടി പറഞ്ഞത് പ്രകാരമാണ് രാജിവച്ചതെന്നും അതേസമയം എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.