രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നതാണ് പൊതുവികാരം: എം.വി. ഗോവിന്ദൻ
Friday, August 22, 2025 3:17 PM IST
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ഒരു എംഎൽഎയ്ക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ കോണിൽ നിന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാൽ കേരളം അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച പരാമര്‍ശം വി.കെ. ശ്രീകണ്ഠന് എംപിക്ക് പിൻവലിക്കേണ്ടി വന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
"മുകേഷിനെതിരെ വന്നത് ആരോപണങ്ങൾ മാത്രമാണ്. അതിൽ തെളിവുണ്ടായിരുന്നില്ല. രാഹുലിനെതിരെ പരാതി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. പക്ഷേ എതിരെയുള്ള തെളിവുകൾ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ പുതിയ നേതൃത്വം ഈ രീതിയിലാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്.'-എം.വി. ഗോവിന്ദൻ പറഞ്ഞു.
മൂല്യമില്ലാതെ എന്തും ചെയ്യാവുന്ന ജീർണത ഇവരെ ബാധിച്ചിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിതൃതുല്യം സ്നേഹിക്കുന്ന സതീശനോട് കാര്യങ്ങൾ പറഞ്ഞിട്ടും രാഹുലിന് ഉയർന്ന സ്ഥാനങ്ങൾ കിട്ടിയെന്ന് യുവതി പറയുന്നു. കാര്യങ്ങൾ അറിഞ്ഞ് നടപടി എടുക്കുന്നതിനു പകരം പ്രമോഷനും ഡബിൾ പ്രമോഷനും നൽകിയ സതീശൻ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.