രാഹുല്‍ ഇന്നല്ലെങ്കിൽ നാളെ രാജിവയ്ക്കേണ്ടി വരും: എം.വി. ഗോവിന്ദന്
Saturday, August 23, 2025 8:44 PM IST
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുലിനെതിരെ പെരുമഴ പോലെയാണ് ആരോപണങ്ങൾ വരുന്നത്. ഇന്നല്ലെങ്കിൽ നാളെ രാജിവയ്ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ, വി.ഡി. സതീശൻ എന്നിവർക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങൾ അല്ല, തെളിവുകൾ ആണ് പുറത്ത് വന്നതെന്നും ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു എന്നും ഗോവിന്ദന് പറഞ്ഞു.
രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലും ഒരു വലിയ വിഭാഗം രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. സതീശന് അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.