വ്യാജവോട്ട് രേഖകൾ പിടിച്ചെടുക്കാൻ സർക്കാർ ജുഡീഷറി അന്വേഷണം നടത്തണം: ടി.എൻ. പ്രതാപൻ
Saturday, August 23, 2025 11:42 PM IST
തൃശൂർ: സുരേഷ് ഗോപിയുടെ വോട്ടുചേർക്കൽ രേഖകൾ ലഭ്യമാകാതിരിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്നും അതിനാൽ സംസ്ഥാന സർക്കാർ ജുഡീഷറി അന്വേഷണം നടത്തി രേഖകൾ പിടിച്ചെടുക്കണമെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ടി.എൻ. പ്രതാപൻ.
എഐസിസി അംഗം അനിൽ അക്കര വിവരാവകാശനിയമപ്രകാരം ജില്ലാ ചീഫ് ഇലക്ടറൽ ഓഫീസർകൂടിയായ ജില്ലാ കളക്ടർക്കു നല്കിയ അപേക്ഷയിലാണ് രേഖകൾ നല്‍കാതിരുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുവേണ്ടി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിലെ മുഴുവൻ ബൂത്തുകളുടെയും കൂട്ടിച്ചേർത്ത പട്ടികയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ വ്യക്തികൾ സ്ഥിരത്താമസ തെളിവിനായി സമർപ്പിച്ച രേഖകളുമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.
എന്നാൽ, വിവരം തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭൗതികസ്വത്തായ ഐടി ആപ്ലിക്കേഷനുകളുടെ ഡാറ്റാബേസിൽ ഉൾപ്പെടുന്നതിനാൽ നൽകാനാകില്ലെന്നാണ് അറിയിച്ചത്. രേഖകൾ നൽകാതിരിക്കാൻ നിയമപ്രകാരമുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.