പ്രധാനമന്ത്രിയും പൗരന്; ബില്ലിൽ തനിക്ക് ഇളവ് വേണ്ടെന്ന് മോദി പറഞ്ഞു: കിരണ്‍ റിജിജു
Sunday, August 24, 2025 5:34 AM IST
ന്യൂഡൽഹി : 30 ദിവസം കസ്റ്റഡിയില്‍ കഴിയുകയാണെങ്കിൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സ്ഥാനത്തു നിന്ന് പുറത്താക്കുന്ന ബില്ലിൽ നിന്ന് തന്നെ ഒഴിവാക്കേണ്ടന്ന് നരേന്ദ്രമോദി പറഞ്ഞതായി മന്ത്രി കിരൺ റിജിജു.
ബില്ലുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിസഭാ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ മോദി അത് നിരസിച്ചുവെന്ന് റിജിജു വ്യക്തമാക്കി. പ്രധാനമന്ത്രിയെ ഈ ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശിപാര്‍ശയെന്ന് മന്ത്രിസഭ മോദിയെ അറിയിച്ചു.
പക്ഷ അദ്ദേഹം അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രിയും ഒരു പൗരനാണ് അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതില്ല. മിക്ക മുഖ്യമന്ത്രിമാരും നമ്മുടെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. നമ്മുടെ ആളുകള്‍ തെറ്റുകള്‍ വരുത്തിയാല്‍ അവര്‍ സ്ഥാനങ്ങള്‍ രാജിവെയ്ക്കണം.
ധാര്‍മികതയ്ക്കും എന്തെങ്കിലും അര്‍ഥമുണ്ടാകണമെന്നും മോദി പറഞ്ഞതായി റിജിജു അറിയിച്ചു. അഞ്ചുവർഷമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലാണിത്.