മലപ്പുറത്ത് മെത്താഫെറ്റാമിനും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
Sunday, August 24, 2025 12:31 PM IST
മലപ്പുറം: നാല് ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കല്‍ മേത്തലയില്‍ സുഹൈബ് ആണ് പിടിയിലായത്.
നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ബീമ്പുങ്ങലില്‍ വെച്ച് രണ്ട് ഗ്രാം മെത്താഫെറ്റാമിനുമായി മമ്പാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന അടിസ്ഥാനത്തില്‍ പോലീസ് സുഹൈബിനെ നിരീക്ഷിച്ച് വരികയായിരുന്നു.
ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫെറ്റാമിന്‍ വില്പന നടത്തിയിരുന്നത്.