സർക്കാരിന്റെ ഓണം വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും
Saturday, August 30, 2025 5:25 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്ന് മുതൽ നടക്കും. സെപ്റ്റംബർ ഒൻപതിന് സമാപിക്കും. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒൻപത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഓണാഘോഷക്കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി പറഞ്ഞു.
ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര് അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന് രവി മോഹന്‍ (ജയം രവി) എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ മ്യൂസിക്ക് നൈറ്റ് അരങ്ങേറും.
വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായി നടത്തും. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടുമെന്നും മന്ത്രി പറഞ്ഞു.