5000 കോടി ക്ലബിലേക്ക് കുതിക്കാൻ
Saturday, August 30, 2025 11:17 PM IST
സി.കെ. കുര്യാച്ചൻ
കോട്ടയം: കാൽ നൂറ്റാണ്ടായി മൂല്യാധിഷ്ഠിത വ്യാപാരത്തിന്റെ ബ്രാൻഡായി മാറിയ ഓക്സിജൻ 5000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് കുതിപ്പ് തുടരുന്നു. ഈ ഓണക്കാലത്തെ റിക്കാർഡ് വില്പനയിലൂടെ ഈ ലക്ഷ്യം സമീപസ്ഥമാണെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഓക്സിജന്റെ സിഇഒ ഷിജോ കെ. തോമസ്. ബിസിനസ് പാരമ്പര്യത്തിന്റെ പിൻബലമില്ലാതെ 25 വർഷങ്ങൾക്കൊണ്ട് ഓക്സിജനെ ജനപ്രീതിയിലും വിശ്വസ്തതയിലും മുൻനിരയിലെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഷിജോ ദീപികയോടു മനസു തുറന്നത്.
കുടുംബപരമായി ബിസിനസ് പാരമ്പര്യമില്ലാതിരുന്നിട്ടും കേരളം മുഴുവൻ ശ്രദ്ധിക്കുന്ന ബ്രാൻഡായി ഓക്സിജനെ വളർത്താൻ കഴിഞ്ഞു. ഒരു പുതിയ സംരംഭകനെന്ന നിലയിൽ
എങ്ങനെയായിരുന്നു തുടക്കം
ഏതു ബിസിനസിനും ഒരു ആവശ്യകതയുണ്ടാകണം. ഞങ്ങൾ തുടങ്ങുമ്പോൾ കംപ്യൂട്ടറുകളുടെ പ്രചാരം തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ സാധ്യത ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് അതിന്റെ വിപ്ലവം സംഭവിച്ചു. തുടക്കകാലത്ത് വളരെ പ്രതിസന്ധികളുണ്ടായിരുന്നു. ഏതു ബിസിനസ് വളർത്താനും നമ്മുടേതായ പ്ലാനും പദ്ധതിയും വേണം; പ്രത്യേകതയും ഉണ്ടാകണം. അതിന് നല്ലൊരു ടീം വേണം. മികച്ച ഒരു ടീമിനെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. ഘട്ടം ഘട്ടമായി അവരെ ശക്തിപ്പെടുത്താനും കഴിഞ്ഞു. ഇതൊക്കെയുണ്ടെങ്കിലും മികച്ച ഒരു സിസ്റ്റം ഉണ്ടെങ്കിലേ വളരാനാകൂ. ഇതെല്ലാം ഘട്ടം ഘട്ടമായി പഠിച്ചു. അതിൽതന്നെ എങ്ങനെ മികവുണ്ടാക്കാമെന്നായി ചിന്തയും പഠനവും. അതിപ്പോഴും തുടരുന്നുണ്ട്. സേവനങ്ങളും ഉത്പന്നങ്ങളും ആളുകളെ അറിയിക്കാനുള്ള സ്ട്രാറ്റജി രൂപപ്പെടുത്തി. അതേക്കുറിച്ച് ചിന്ത ഗൗരവതരമാക്കി. തുടക്കത്തിൽ ഒരു ഷോപ്പ് ഇട്ടു, അതു നന്നായി പ്രവർത്തിച്ചു. എന്നാൽ അതുമാത്രം പോരെന്ന അവസ്ഥയുണ്ടായി. സ്കെയിൽ അപ് എന്ന പ്രക്രിയ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്.
ടീമിന്റെ വിജയമെന്നു പറയുമ്പോൾ...
തുടക്കം മുതലുള്ള ഭൂരിപക്ഷം പേരും ഇപ്പോൾ, രണ്ടു പതിറ്റാണ്ടു കഴിയുമ്പോഴും ഒപ്പമുണ്ട്. അത് വളരെ ഗുണം ചെയ്തിട്ടുണ്ട്. കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ആളുകളെ മറ്റുള്ളവർ കൊണ്ടുപോകുന്ന അവസ്ഥ ഈ ഫീൽഡിൽ സാധാരണമാണ്. എന്നിട്ടും പോകാതെ നിൽക്കുന്നത് അവർ കുടുംബാന്തരീക്ഷം അനുഭവിക്കുന്നതിനാലാകണം. അവർക്കെല്ലാം ഓക്സിജനിൽ ഉടമസ്ഥാവകാശമുണ്ടെന്ന മനോഭാവത്തിലേക്ക് വന്നു. ഇത് ഏതൊരു ബിസിനസിന്റെയും വിജയത്തിന് അത്യാവശ്യമാണ്. സംരംഭകനാണ് അതു ചെയ്യേണ്ടത്. അത് സ്വാഭാവികമായിത്തന്നെ ചെയ്യുകയും വേണം. വാല്യു സിസ്റ്റം പ്രധാനമാണ്.
മൂല്യാധിഷ്ഠിതമായി ചെയ്യുന്ന ബിസിനസ് മാത്രമേ പ്രതിസന്ധികളെ അതിജീവിച്ച് നിലനിൽക്കുകയുള്ളൂ. ചില സ്റ്റാർട്ടപ്പുകളിൽ ഇതിനു വിപരീതമായി ചിന്തിക്കുന്നവരെ കാണാം. ഒരു ബോസിനു കീഴിൽ ജോലിചെയ്യാൻ സന്നദ്ധതയില്ലാത്തതിനാൽ സ്വന്തമായി ബിസിനസ് തുടങ്ങുന്നവർക്ക് പലപ്പോഴും വിജയിക്കാൻ കഴിയാത്തതിന്റെ കാരണം ഈ വാല്യു സിസ്റ്റത്തിന് പ്രാധാന്യം നൽകാത്തതാണ്.
പുതുതലമുറയിലെ ബിസിനസ് മനോഭാവത്തെ എങ്ങനെ കാണുന്നു
ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ വന്നു. മുമ്പത്തപ്പോലെ ബിസിനസ് ഡിഎൻഎ ഇല്ലാത്ത ധാരാളം പേർ ബിസിനസ് രംഗത്തേക്കു വരുന്നു. വലിയ വലിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നു. കാരണം പുതിയ ബിസിനസിന്റെ ഫോർമുല വ്യത്യസ്തമാണ്. പരമ്പരാഗതമായി മാതാപിതാക്കൾ ചെയ്ത ബിസിനസ് ഇപ്പോൾ ചെയ്താൽ നമ്മൾ തോറ്റുപോകും. അത്രകണ്ട് രീതികൾ മാറി.
അതു യുവതലമുറ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ ഹ്രസ്വകാലത്തുതന്നെ നേട്ടം കിട്ടാതെവരുമ്പോൾ പുതുസംരംഭകർ നിരാശരാകുന്നതും കാണാം. അവർ പെട്ടെന്ന് അതുപേക്ഷിച്ച് മറ്റൊന്നിലേക്കു കടക്കും. എന്നാൽ സ്ഥിരത പ്രധാനമാണ്. അതിൽ വിശ്വസ്തതയും മൂല്യബോധവും പ്രധാനമാണ്. നമ്മൾ കൊടുക്കുന്ന വാഗ്ദാനങ്ങൾ കസ്റ്റമറോടായാലും ജീവനക്കാരോടായാലും പാലിക്കാൻ കഴിയണം.
എല്ലാം അറിയുന്ന കസ്റ്റമറാണല്ലോ ഇപ്പോൾ. അതൊരു വെല്ലുവിളിയാണോ
ഞങ്ങളെപ്പോലുള്ളവർക്ക് അത് നല്ലതാണ്. കാരണം, സത്യമല്ലാത്തതു പറഞ്ഞ് വിൽക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ പോളിസി. തുടക്കത്തിലും ഞങ്ങൾ അതുതന്നെയാണ് ചെയ്തിരുന്നത്. അന്ന് മത്സരം അൺ എത്തിക്കലായി കച്ചവടം ചെയ്യുന്നവരുമായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ കസ്റ്റമർ അവയർനെസ് നല്ലതാണ്. അതുണ്ടാകണം. ജിഎസ്ടി വന്നപ്പോഴും ഞങ്ങൾക്ക് അത് ഗുണകരമായി. നികുതിവെട്ടിച്ച് കച്ചവടം ചെയ്യുന്നവരോടാണ് മുമ്പ് മത്സരിക്കേണ്ടിയിരുന്നത്. അതിന് ഇപ്പോൾ മാറ്റം വന്നു. ജിഎസ്ടി നല്ല രീതിയിൽ കച്ചവടം ചെയ്യുന്നവർക്കു നല്ലതാണ്.
സിൽവർ ജൂബിലി വർഷത്തിലെ സ്വപ്നമെന്താണ്
രണ്ടായിരത്തിലധികം ജീവനക്കാരും നാല്പത്തഞ്ച് ഷോറൂമുകളുമാണ് ഇപ്പോഴുള്ളത്. ഇതിൽനിന്നു വളർന്ന് 5000 കോടി രൂപയുടെ ടേൺ ഓവറും നാഷണൽ പ്രസൻസുമാണ് ലക്ഷ്യമിടുന്നത്. കേരളത്തിനു പുറത്തേക്കും ബിസിനസ് വ്യാപിപ്പിക്കും.
വരാനിരിക്കുന്നത് എഐ, റോബോട്ടിക് യു ഗം
അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികളിൽ പ്രധാനം ടെക്നോളജിയിൽ വരാൻപോകുന്ന മാറ്റങ്ങളാണെന്ന് ഷിജോ വിലയിരുത്തുന്നു. നിർമിതബുദ്ധി (എഐ) യിൽ സാധ്യതകൾ അപാരമാണ്. എഐ അധിഷ്ഠിതമായ പ്രോജക്ടുകൾ ധാരാളമായിവരും. അത് കൈകാര്യം ചെയ്യുക എന്നതു പ്രധാനമാണ്. അതിനനുസരിച്ച് അപ്ഡേറ്റാകണം. റോബോട്ടിക്സ് ഇന്ന് വ്യവസായത്തിലേതുപോലെ അനുദിനവ്യക്തി ജീവിതത്തിൽ സാധാരണമായിട്ടില്ല. വീട്ടിലെ കാവൽക്കാരനായി റോബോ വരുന്ന കാലം വിദൂരമല്ല. അതു ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അഞ്ചോ പത്തോ വർഷംകൊണ്ട് റോബോട്ടുകൾ ഡിസ്പ്ലേ ചെയ്തു വിൽക്കുന്ന അവസ്ഥയുണ്ടാകും. ഞങ്ങൾ മാനസികമായി അതിനു തയാറാണ്.
കസ്റ്റമർ തന്നെയാണ് രാജാവ്
വില്പനയെ ഒരു വിവാഹമായാണ് ഞങ്ങൾ കരുതുന്നത്. കസ്റ്റമറുമായി ബന്ധം തുടങ്ങുന്നത് വില്പനയ്ക്കു ശേഷമാണ്. അത് ഏറ്റവും സംതൃപ്തമായി കൊണ്ടുപോകുക എന്നത് പ്രധാനമാണ്. അതിന് അനുയോജ്യരായ ജീവനക്കാരെ കിട്ടുക എന്നത് വലിയ വെല്ലുവിളിയുമാണ്. പുതുതലമുറയെ സൂക്ഷ്മമായി മനസിലാക്കണം. അവരുടെ ഇഷ്ടമേഖല തിരിച്ചറിഞ്ഞ് അവരെ ഉപയുക്തമാക്കണം.