വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
Saturday, September 6, 2025 11:52 PM IST
കോഴിക്കോട്: വടകരയിൽ ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെഅങ്ങാടി സ്വദേശി ബദറുദ്ദീനാണ് കുത്തേറ്റത്. ഓർക്കാട്ടേരി സ്വദേശി ഫിറോസ് ആണ് ബദറുദ്ദീനെ കുത്തിയത്.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിനുശേഷം ഫിറോസ് ഓടി രക്ഷപ്പെട്ടു. വടകര ക്യൂൻസ് ബാറിൽ വച്ചാണ് സംഭവം.
ഫിറോസ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ കുറച്ച് ദിവസം മുൻപാണ് തിരിച്ചെത്തിയതെന്നും പോലീസ് പറഞ്ഞു. കുത്തേറ്റ ബദറുദ്ദീനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.