പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
Saturday, September 6, 2025 11:55 PM IST
നിനയ്ക്കാത്ത നേരത്തു ശരീരം നിശ്ചലമാകും, ചിലപ്പോൾ ഓർമകൾ പാതിവഴിയിൽ ദിശതെറ്റും...! കൈകൾ അലക്ഷ്യമായി ചലിക്കും, ചിലപ്പോൾ മരവിച്ചപോലെ നിലയ്ക്കും. ഒരുവേള ചുവടുവയ്ക്കുന്പോൾ ഇടറി വീഴും...
പാർക്കിൻസൺസ് രോഗം മൂലം പ്രതിസന്ധിയിലായ 52 വയസുകാരൻ ടി. ഗോപകുമാറിന്റെ ജീവിതം ഒരു പോരാട്ടമാണ്. മനസെത്തുന്നിടത്തു ശരീരവുമെത്തിക്കാനുള്ള പോരാട്ടം. വർഷങ്ങളായി ചികിത്സയും അതിജീവനവുമായി മുന്നോട്ടുപോകുന്പോഴും, അതിനുള്ള ചെലവുകൾ താങ്ങാനാവാതെ തളരുകയാണ് ഈ യുവാവും കുടുംബവും
കൊച്ചി മരട് സ്വദേശിയായ ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തോളമായി ചികിത്സയും അനുബന്ധ ആവശ്യങ്ങളും മൂലം ജോലിയിൽ സജീവമാകാനാവുന്നില്ല.
എറണാകുളം മെഡിക്കൽ ട്രസ്റ്റിലാണു ചികിത്സ. രോഗം മൂർച്ചിച്ച ഘട്ടത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ യന്ത്രസഹായത്തോടെ നിയന്ത്രിക്കാനുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായി ശരീരത്തിൽ പേസ്മേക്കർ മാതൃകയിലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചു.
ഡിബിഎസിനുൾപ്പെടെ ചികിത്സയ്ക്ക് 24 ലക്ഷത്തോളം രൂപ ചെലവായി. വായ്പയെടുത്തും കുടുംബ സ്വത്ത് വിറ്റുമാണ് ഇതിന്റെ പകുതിയോളം കണ്ടെത്തിയത്. നിശ്ചിത ദിവസങ്ങളെത്തുമ്പോൾ സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾ വേണം.
കൊടുത്തു തീർക്കാനുള്ള കടങ്ങൾ, തുടർ ചികിത്സ, രണ്ടു മക്കളുടെ പഠനച്ചെലവ്, പ്രായമായ അമ്മ ഉൾപ്പടെയുള്ള കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ... സാമ്പത്തികമായി വലിയ ബുദ്ധിമുട്ടു നേരിടുന്ന ഗോപകുമാറിന് ഇനിയുള്ള വഴികളിലും പ്രതിസന്ധികളുടെ നിഴലുകളേറെ...
ചികിത്സയ്ക്കും ബാധ്യതകൾ വീട്ടുന്നതിനുമായുള്ള സാമ്പത്തിക സഹായത്തിന് സുമനസുകളുടെ സഹായം തേടുകയാണ് ഗോപകുമാർ. കരുണയുള്ളവർ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ...
ഗോപകുമാറിനെ സഹായിക്കാൻ താത്പര്യമുള്ളവർ Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്