"34 വാഹനങ്ങളില്‍ ചാവേറുകള്‍, ഒരു കോടി ആളുകളെ കൊല്ലും': മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍
Sunday, September 7, 2025 5:38 AM IST
നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാര്‍ സ്വദേശിയായ അശ്വിന് കുമാര്‍ സുപ്ര എന്നയാളെയാണ് പോലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നോയിഡയില്‍ താമസിച്ചുവരുന്ന ആളാണ് അശ്വിന്. നോയിഡയിലെ സെക്ടര്‍-113ല്‍ വച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.
നാടിനെ നടുക്കുന്ന ആക്രമണം നടത്തും എന്ന ഭീഷണിയുമായി വെള്ളിയാഴ്ചയാണ് അശ്വിൻ കുമാർ രംഗത്തെത്തിയത്. ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലായിരുന്നു ഭീഷണി മുഴക്കിയത്.
സംഭവത്തിൽ സംസ്ഥാനത്തുടനീളം പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഇതിനായി 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.
മുംബൈയിൽ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗണേശോത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.