മുംബൈ എയർപോർട്ടിൽ തടഞ്ഞുവച്ചുവെന്ന് സനൽകുമാർ ശശിധരൻ
Sunday, September 7, 2025 9:38 AM IST
കൊച്ചി: തന്നെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചതായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്.
കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് തന്നെ ഇവിടെ തടഞ്ഞുവച്ചതെന്നും സനല്‍ കുമാര്‍ ശശിധരന് ഫേസ്ബുക്കില്‍ കുറിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്നും നടിയെ പിന്തുടര്ന്ന് ശല്യം ചെയ്തെന്നുമുള്ള പരാതികളില്‍ തനിക്കെതിരെ എടുത്ത കേസുകളില്‍ ഒരു റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ കൊടുത്തിട്ടില്ല.
തനിക്കെതിരെ അറസ്റ്റ് വാറണ്ടും ഇല്ല. ഒരു വിധിയും കുറ്റപത്രവും ഇല്ല. പക്ഷേ തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. ഇത് ഏത് നടപടിക്രമം അനുസരിച്ചെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന് ചോദിച്ചു.
ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം എന്നെ ഇവിടെ തടഞ്ഞു വച്ചിട്ടുണ്ട്. കൊച്ചി പോലീസ് നിയമപരമായി തന്നെ പെരുമാറുമെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. എനിക്കെതിരെയുള്ള കേസ് എന്താണെന്ന് എന്തായാലും എനിക്കിപ്പോഴും അറിയില്ല- സംവിധായന് കുറിച്ചു.
എനിക്കെതിരെ 2022 ല്‍ എടുത്ത കേസില്‍ അന്വേഷണം നടത്തിയിട്ടില്ല. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ മഞ്ജുവിന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് അവള് പറഞ്ഞതിന്റെ ശബ്ദരേഖ ഞാന്‍ പുറത്തുവിട്ടപ്പോള്‍ ആദ്യം അത് ആളുകളിലേക്ക് എത്താതിരിക്കാന്‍ ആണ് ശ്രമങ്ങള്‍ നടന്നത്.
എന്നാല്‍ അത് ജനങ്ങളില്‍ എത്തി എന്ന് വന്നപ്പോള്‍ എനിക്കെതിരെ വീണ്ടും ഒരു കള്ളക്കേസെടുത്തു. അതിലും മഞ്ജു വാര്യര്‍ മൊഴികൊടുത്തില്ല. പകരം മറ്റൊരു കോടതിയില്‍ മജിസ്ട്രെട്ട് മുന്‍പാകെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കൊടുത്ത മൊഴി എനിക്കെതിരെ കൊടുത്ത മൊഴിയാണെന്ന് പോലീസ് പ്രചരിപ്പിച്ചു.
ഇതുവരെയും എനിക്കെതിരെ എടുത്ത കേസുകളില്‍ ഒരു റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ കൊടുത്തിട്ടില്ല. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്‍ജ്ജ് ഷീറ്റും ഇല്ല. പക്ഷെ എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു?. എങ്ങനെ?. ഏത് നടപടിക്രമം അനുസരിച്ച്?. എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് മടിക്കുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരാളെ അയാള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ കിഴിച്ചുമൂടാന്‍ ലക്ഷ്യമിട്ട് വേട്ടയാടുന്നത് നിങ്ങള്‍ ചോദ്യം ചെയ്തില്ല എങ്കില്‍ പത്രപ്രവര്‍ത്തകരേ, നിങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണല്ല. ശവക്കുഴിയാണ്. ദയവായി ചോദ്യങ്ങള്‍ ചോദിക്കൂ. എന്താണ് നടപടിക്രമങ്ങള്‍?. എന്താണ് കേസ്?. എന്താണ് പരാതിക്കാരിക്ക് പറയാനുള്ളത്?. ചോദ്യങ്ങള്‍ വിഴുങ്ങാനുള്ളതല്ല. ഉറക്കെ ചോദിക്കാനുള്ളതാണ്.- സനല്‍ കുമാര്‍ ശശിധരന് ചോദിച്ചു.