തിരുവോണദിനത്തില്‍ യുവാവ് അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തി
Sunday, September 7, 2025 11:00 AM IST
കൊല്ലം: വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റുചെയ്തു.
നെടുവത്തൂര്‍ പഞ്ചായത്തിലെ തേവലപ്പുറം പടിഞ്ഞാറ് കുഴയ്ക്കാട്ട് കള്ളിത്തല ഏലായ്ക്കു സമീപം പരേതരായ സുന്ദരേശന്റെയും ചന്ദ്രമതിയുടെയും മകന് ശ്യാമു സുന്ദറാ(42)ണ് മരിച്ചത്.
സമീപവാസിയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവര്‍ കം കണ്ടക്ടറുമായ ധനേഷ് ഭവനില്‍ ധനേഷ് (38) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം.
ശ്യാമു സുന്ദറും ധനേഷും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ നിലവിൽ ഇരുവരും ശത്രുതയിലാണ്. നാലുവര്‍ഷമായി ശ്യാമു സുന്ദറിന്റെ ഭാര്യയും കുഞ്ഞും ധനേഷിനൊപ്പമാണ് താമസിക്കുന്നത്. ഇതാണ് ശത്രുതയ്ക്കുള്ള കാരണം.
തിരുവോണദിനത്തില്‍ സന്ധ്യയോടെ ധനേഷ്, ശ്യാമു സുന്ദറിന്റെ വീട്ടിലെത്തി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. സമീപവാസിയാണ് ഇരുവരെയും സമാധാനിപ്പിച്ചുവിട്ടത്.
എന്നാല്‍ രാത്രി 12 ഓടെ ധനേഷ് വീണ്ടും വീട്ടിലെ കറിക്കത്തിയുമായി ശ്യാമു സുന്ദറിന്റെ വീട്ടിലെത്തി കഴുത്തിന് കുത്തുകയായിരുന്നു. അവനൊരു പണികൊടുത്തിട്ടുണ്ടെന്ന് ധനേഷ് തന്നെ സുഹൃത്തിനെ വിളിച്ചുപറഞ്ഞു.
സുഹൃത്തില്‍നിന്ന് വിവരമറിഞ്ഞ അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് കൊളുത്തിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ചനിലയില്‍ ശ്യാമു സുന്ദറിനെ കാണുന്നത്. ഉടന്‍തന്നെ മറ്റൊരു സുഹൃത്തിനെ വരുത്തി പുറത്തേക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പടിയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പുത്തൂര്‍ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്താനുപയോഗിച്ച കത്തി അയല്വീടിനോടു ചേര്‍ന്ന സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. വൈകീട്ടോടെ ധനേഷിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു.
ഡിവൈഎസ്പി ജി.ബി. മുകേഷ്, എസ്എച്ച്ഒ ബാബുക്കുറുപ്പ്, എസ്ഐ ടി.ജെ. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പും വിവരശേഖരണവും നടന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
ശ്യാം സുന്ദര്‍, ശാരി എന്നിവരാണ് ശ്യാമുസുന്ദറിന്റെ സഹോദരങ്ങള്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.