ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു: മുഖ്യമന്ത്രി
Sunday, September 7, 2025 11:06 AM IST
തിരുവനന്തപുരം: കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിൽ ഇന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ടചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരളീയ നവോത്ഥാനത്തിന്റെ സാരഥ്യത്തിൽ ഉജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ വിളിച്ചുചേർത്ത സർവ്വമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ വിഭാവനം ചെയ്തു.
ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന പ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും ഈ വർഷം നൂറു തികയുകയാണ്. ആധുനിക കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങൾക്ക് ചാലകശക്തിയായി മാറാൻ ഗുരുചിന്തകൾക്കു കഴിഞ്ഞു.
ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. സവർണ്ണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ശക്തമായി ചോദ്യം ചെയ്ത ഗുരു ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ഉറച്ച നിലപാടെടുത്തു.
"മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവിന്റെ വാക്കുകൾ ആവർത്തിച്ചു ഓർമിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാൻ, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാൻ ഈ വാക്കുകൾ പഠിപ്പിക്കുന്നു.
സമൂഹത്തിൽ വർഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണ്.
കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു.
നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണ്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജമാവും.
ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.