"എല്ലാവര്ക്കും സ്നേഹവും നന്ദിയും, സര്‍വശക്തനും': പിറന്നാൾ ആശംസകൾക്ക് നന്ദിപറഞ്ഞ് മമ്മൂട്ടി
Sunday, September 7, 2025 12:29 PM IST
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി 74-ാം ജന്മദിനത്തിന്റെ നിറവിലാണ്. പ്രിയതാരത്തെ ആശംസകൾ കൊണ്ടു പൊതിയുകയാണ് ആരാധകരും സഹ കലാകാരന്മാരുമടക്കമുള്ളവർ.
സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും കുത്തൊഴുക്കാണ്. പൂർണ ആരോഗ്യവാനായി തിരിച്ചുവന്ന ശേഷമുള്ള പിറന്നാൾ എന്ന നിലയിൽ ഇത്തവണത്തെ ആഘോഷത്തിന് മാറ്റ് കൂടുതലാണ്.
അതേസമയം, പിറന്നാൾ ദിനത്തിൽ ലഭിച്ച ആശംസകൾക്കും സ്നേഹസന്ദേശങ്ങൾക്കും നന്ദിപറയുകയാണ് മമ്മൂട്ടി. "എല്ലാവര്ക്കും സ്നേഹവും നന്ദിയും; സര്‍വശക്തനും' എന്നാണ് ഒറ്റവരിയായി മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് താരം ഇത് പോസ്റ്റ് ചെയ്തത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം പൊതുമണ്ഡലത്തില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.
ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതിനു ശേഷം മോഹൻലാലുമൊത്ത് അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യും.